പേജുകള്‍‌

Tuesday, May 28, 2013

സൈക്കിൾ

അവന്റെ സൈക്കിൾ ആരോ എടുത്തിരിക്കുന്നു. 
സാധാരണയായി സൈക്കിൾ വയ്ക്കുന്ന സ്ഥലത്തുതന്നെയാണ് ഇന്നു രാവിലെയും അവൻ സൈക്കിൾ വച്ചിരുന്നത്. സ്കൂളിലെ മറ്റെല്ലാ കുട്ടികളും അവരവരുടെ സൈക്കിളുമായി പോയിക്കഴിഞ്ഞു. അദ്ധ്യാപകരും പിരിഞ്ഞു പോയിക്കൊണ്ടിരുന്നു. 
ഇനിയും നിൽക്കുന്നതിലെന്തർത്ഥം. സൈക്കിളിലാണ് പോക്കും വരവുമെന്നതിനാൽ കൂട്ടിന് മറ്റാരുമില്ല. സ്കൂളിൽനിന്ന് വീട്ടിലേക്കധികം ദൂരമൊന്നുമില്ല. 
അവൻ ഗേറ്റുകടന്ന് പോകുന്നതിനിടയിൽ ശിപായി ചോദിച്ചു, "എന്താ? സൈക്കിൾ എവിടെ?"
"സൈക്കിൾ കാണുന്നില്ല. ആരോ എടുത്തുകാണും" എന്നു മാത്രം പറഞ്ഞ് അവൻ നടന്ന് പോയി.

വീട്ടിലെത്തിയപ്പോൾ അവിടെ അച്ഛൻ വന്നിട്ടുണ്ട്. സ്വാഭാവികമായുമുണ്ടാകുന്ന ചോദ്യം തന്നെ ആദ്യം നേരിടേണ്ടി വന്നു - "സൈക്കിളെവിടെ?"


അമ്മയും അച്ഛനും ഒരു കൊലക്കേസ് പ്രതിയേയെന്നപോലെ ചോദ്യം ചെയ്തു. കുറേ വഴക്ക് പറഞ്ഞു. നാളെ സൈക്കിളും കൊണ്ടിങ്ങോട്ട് വന്നാൽ മതി എന്ന് തിട്ടൂരമിറക്കി അച്ഛൻ വഴക്ക് നിറുത്തി. ഭക്ഷണം കഴിക്കാതെയാണവൻ കിടന്നത്. അമ്മ പിന്നീടുവന്ന് എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൻ വഴങ്ങിയില്ല.


രാവിലെ അമ്മ നോക്കിയപ്പോൾ അവൻ മുറിയിലുണ്ടായിരുന്നില്ല. ആരുമവനെ അന്ന് എവിടെയും കണ്ടിരുന്നില്ല . നാട്ടുകാരും പോലിസും അന്വേഷിച്ചിട്ടും അവന്റെ പൊടി പോലും കിട്ടിയില്ല.


എല്ലാവരും മറന്നപ്പോൾ ഒരു ദിവസം അവൻ കയറിവന്നു. നാട്ടിൽ അന്ന് ഉത്സവമായിരുന്നു. നഷ്ടപ്പെട്ട സ്വർഗ്ഗം എല്ലാവർക്കും തിരികെ ലഭിച്ചതു പോലെ. നാട്ടാരുടെ എല്ലാ ചോദ്യങ്ങൾക്കും അവൻ ഉത്തരം പറഞ്ഞു. പക്ഷേ അവന്റെ ഉത്തരങ്ങൾ ഒന്നും നാട്ടുകാർക്കും വീട്ടുകാർക്കും പോലീസിനും പിടികിട്ടുന്നതായിരുന്നില്ല. അവൻ പറഞ്ഞുകൊണ്ടേയിരുന്നു. എങ്കിലും അവൻ ഭൂമിയുടെ അറ്റം വരെ സൈക്കിൾ അന്വേഷിച്ച് അലഞ്ഞുനടന്നു എന്ന് അവർക്ക് മനസ്സിലായി. ആളുകൾ അവന് ഇഷ്ടമുള്ള സൈക്കിൾ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ അവൻ ചിരിക്കുക മാത്രം ചെയ്തു.


അപ്പോൾ അവന്റെ നഷ്ടപ്പെട്ട സൈക്കിളുമായി അവിടേക്ക് ഒരാൾ കയറിവന്നു. അയാൾ സൈക്കിൾ എടുക്കാനുള്ള സാഹചര്യം നാട്ടുകാരോട് പറയാൻ തുടങ്ങി. അപ്പോൾ അവൻ അയാളെ തടഞ്ഞു. അവൻ പറയാൻ തുടങ്ങി. റോഡപകടത്തിൽ പെട്ട ഒരു വൃദ്ധനെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളൊന്നും കിട്ടാതെവന്നപ്പോൾ ഇയാൾ എന്റെ സൈക്കിൾ എടുക്കുകയായിരുന്നു. അതേ വൃദ്ധൻ പറഞ്ഞിട്ടാണ് ഞാൻ തിരിച്ചുവന്നത്.


ആ സൈക്കിൾ അവൻ സ്വീകരിച്ചില്ല. സൈക്കിളുമായി വന്നയാൾക്കുതന്നെ അവൻ അത് കൊടുത്തു.

എനിക്കിനി സൈക്കിൾ വേണ്ട. ഭൂമിയുടെ മറ്റേയറ്റം വരെ ഞാൻ ചെന്നത് സൈക്കിളില്ലാതെയാണ്. വാഹനമില്ലാത്തവരാണിവിടെ അധികവും. അവരെല്ലാം നടക്കുന്നു. വിശ്വാസപൂർവ്വം അവരെല്ലാം മുന്നോട്ട് നടക്കുന്നു.. വീഴാതെ, ഇടറാതെ.

ഞാനീ കാലുകളെ വിശ്വസിക്കുന്നു. ഇവ ഒരു വാഹനത്തിനും പകരമല്ല. ഒരു വാഹനവും ഇവയ്ക്ക് തുല്യമല്ല.

Tuesday, May 14, 2013

ഷാൾ

ചുരിദാർ ധരിച്ചിട്ടുണ്ടെങ്കിലും മാറത്ത് ഷാൾ ഇടാത്തതിന്റെ പേരിൽ അവളെ ചിലർ ആക്രമിക്കുകയായിരുന്നു. പലരും വന്ന് ചുറ്റും കൂടി. സദാചാരം ലംഘിച്ചതിനു മർദ്ദനമേറ്റു കൊണ്ടിരുന്ന അവളെ ഒരു വൃദ്ധൻ മർദ്ദകരിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം അവളെ ചെറിയ ക്ലാസ്സിൽ പഠിപ്പിച്ച അദ്ധ്യാപകൻ ആയിരുന്നു.

വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു: പാതയോരത്ത് ആരുടേയോ ആക്രമണത്തിനിരയായി വസ്ത്രങ്ങൾ പിഞ്ഞിപ്പോയ തെരുവു പെണ്ണിനു എന്റെ ഷാൾ കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. ഇനി ഞാൻ അങ്ങനെ ചെയ്യില്ല മാഷേ. 

ചുറ്റും കൂടി നിന്നവരെല്ലാം പിരിഞ്ഞു പോയിരുന്നു. ക്ഷീണിച്ചു പോയ പെൺകുട്ടിയെ താങ്ങിക്കൊണ്ട് വൃദ്ധൻ മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് ചിലർ ചാടി വീണു. അവർ ആക്രോശിക്കുന്നുണ്ടായിരുന്നു:“ കൊല്ല് ആ കിഴവനെ. പട്ടാപ്പകൽ   പൊതു നിരത്തിൽ ഒരു യുവതിയെ കടന്നു പിടിച്ച ഇവനൊന്നും ജീവിക്കാൻ അവകാശമില്ല.............”