പേജുകള്‍‌

Wednesday, March 28, 2012

ക്ഷേമം

വെയിറ്റിംഗ് ഷെൽറ്ററിൽ അയാൾ ബസ്സിനെ കാത്തിരുന്നു. ഷെൽട്ടറിന്റെ മുൻ ഭാഗത്ത്  മുകളിൽ വിശാലമായ ആകാശമൈതാനത്ത് കുറേ മേഘക്കാറുകൾ പാഞ്ഞു പോകുന്നു. മുന്നിൽ താഴെ നരച്ച ചൂടേറിയ ടാർ റോഡിലും കാറുകളും മറ്റു വാഹനങ്ങളും ഓടുന്നുണ്ട്. 

പക്ഷേ ഏറെ നേരമായിട്ടും ബസ്സൊന്നും കാണുന്നില്ല. എങ്ങനെയെങ്കിലും ഇന്ന് ഒരു മൂന്നു മണിക്കെങ്കിലും പഞ്ചായത്ത് ഓഫീസിലെത്തി വീട് നന്നാക്കാനുള്ള അപേക്ഷ കൊടുക്കണം. മഴയിപ്പമിങ്ങെത്തും എന്ന്  കാറയച്ച് ഭീഷണിപ്പെടുത്തി നിൽ‌പ്പാണ്.

പഞ്ചായത്താഫീസിലേക്ക് അഞ്ച് മുഴുവൻ കിലോമീറ്ററുണ്ട് ദൂരം. നടക്കാമെന്ന് വച്ചാൽ ചട്ടുകം കാച്ചി വയ്ക്കുന്ന ചൂടൻ വെയിൽ സമ്മതിക്കുന്നില്ല. പ്രായവും, ആരോഗ്യവും അനുവദിക്കുന്നുമില്ല. 

ആകാശത്തിന്റെ കറുത്ത മുഖം അയാളെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. പക്ഷേ പറഞ്ഞിട്ടെന്ത്? മഴയ്ക്ക് മുൻപിൽ വീഴാൻ വീടിനെ വിടാനല്ലാതെ മറ്റൊന്നിനും അയാൾക്ക് പാങ്ങില്ല.
ഷെൽട്ടറിലെ സിഗരറ്റ് കുറ്റികൾക്കും, ചപ്പു ചവറുകൾക്കും, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമിടയിലേക്ക് പായിച്ച അയാളുടെ കണ്ണുകളിലേക്ക് ഒരു ഡയറി നുഴഞ്ഞു കയറി.
പൊടി പിടിച്ചതെങ്കിലും മനോഹരമായ ഒരു ഡയറി.

മടുപ്പിനിടയിലും അയാളതെടുത്ത് വെറുതേ നിവർത്ത് നോക്കി. ഒന്നാം പേജിൽ ഭാരതത്തിന്റെ മനോഹരമായ ബഹുവർണ്ണഭൂപടം. മറിക്കുന്ന താളുകൾ ഓരോന്നായി അയാളെ ഞെട്ടിച്ചു കൊണ്ടിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, ആണവശക്തി, ചന്ദ്രയാൻ, ഭക്ഷ്യ സുരക്ഷ, സമ്പൂർണ്ണ ഭവന പദ്ധതിയുടെ പുരോഗതി, ത്രീജി...........

ഡയറി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ അയാൾക്ക് തോന്നി. മറിയുന്ന താളുകളിൽ മുഴുകിയതിനിടയിൽ മാനം മൂടി കാറുകൾ നിറഞ്ഞതയാളറിഞ്ഞില്ല. ആർത്തലച്ചു വന്ന കനത്ത മഴയിൽ ഒരു ദ്വീപിലെന്ന പോലെ ആ വെയിറ്റിംഗ് ഷെൽട്ടറിൽ അയാൾ ഒറ്റപ്പെട്ടു.

മഴയുടെ ഭിത്തി തുരന്ന് പാഞ്ഞുവന്ന്, അയാൾക്കായി നിറുത്താതെ മഴയിലേക്ക് 
പലായനം ചെയ്ത ഒരു ബസ്സിനെ അയാൾ ദയനീയമായി നോക്കി. അത് അകന്ന് പോയി മഴയിൽ ലയിച്ചു. തന്റെ വീട് ഈ മഴയിൽ നിലം പൊത്തുമെന്നോർത്തപ്പോൾ നിറഞ്ഞു പോയ കണ്ണുകളോടെ അയാൾ അപ്പോൾ കേട്ട പൊട്ടിച്ചിരിയുടെ ഭാഗത്തേക്ക് നോക്കി.

ഡയറിത്താളുകളിൽ നിന്ന് ഉയർന്നതായിരുന്നു ആ ചിരി! ചാന്ദ്രയാൻ, ആഗസ്ത്-15, ആണവോർജ്ജം, ത്രീജി........... എല്ലാ താളുകളും അയാളെ നോക്കി ചിരിക്കുകയായിരുന്നു, 

വന്യമായി, ഹിംസാത്മകമായി............!