പേജുകള്‍‌

Monday, September 12, 2011

കണ്ണൂർ മീറ്റ് .തിരുശേഷിപ്പുകൾ!

അങ്ങനെ അതും കഴിഞ്ഞുകിട്ടി. 
വളരെ നാളത്തെ, ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയുമെല്ലാമുള്ള നെട്ടോട്ടം കഴിഞ്ഞു. തരക്കേടില്ലാതെ മീറ്റും കഴിഞ്ഞു. ഇനിയോ സാറേ?

ബിജു കൊട്ടിലയും, കുമാരനും,കേപീയെസ്സും,ബയാനും .ചിത്രകാരനും,ഒരു യാത്രികനുമെല്ലാം ചേർന്ന് തുടക്കമിട്ട കണ്ണൂർ സൈബർ മീറ്റിന്റെ സംഘാടക സമിതിയിലേക്ക്  വഴിതെറ്റി എത്തിയതാണീ ഹിന്ദിക്കാരൻ. ഒരു വിധം നന്നായിത്തന്നെ മീറ്റ് വിജയിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലേർപ്പെടാൻ പറ്റി എന്ന് സ്വയം സമാധാനിക്കുന്നു. വന്നവരെല്ലാം തൃപ്തികരമായി തന്നെയാണ് മടങ്ങിയതെന്ന് മീറ്റ് സംബന്ധിച്ച് ചിലരെഴുതിയ പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. എന്നാലും കേപീയെസ്സിനും അതു പോലെ ചിലർക്കും മീറ്റ് പൂർണ്ണ തൃപ്തി നൽകിയില്ല എന്നും തോന്നുന്നു. നല്ലതിനെന്നു മാത്രം കരുതി ബിജുവും സുഹൃത്തുക്കളും ഒരുക്കിയ ചില പുതുമയാർന്ന സാഹസങ്ങൾ അല്പം ചില താളപ്പിഴകൾ വരുത്തിയെന്ന് തോന്നിക്കുമെങ്കിലും, അവരെല്ലാം ചേർന്ന്  രണ്ട് ദിവസങ്ങളിലായി ഒരുക്കിയ ആ സ്നേഹക്കൂട്ടായ്മ പകരം വയ്ക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് , മാടായിപ്പാറയിലെ അനുഭവം പങ്കുവച്ചവർ അറിയിച്ചിട്ടുണ്ട്.
കഷ്ട്ടമെന്ന് പറയട്ടെ, എനിക്ക് മാടായിപ്പാറയിലെത്താൻ പറ്റിയതുമില്ല, അന്ന് രാത്രി അതിഭീകരമായ മറ്റൊരനുഭവത്തിന് പാത്രമാകേണ്ടിയും വന്നു!

നമ്മുടെ സംഘാടക ഗ്രൂപ്പിലെ ഏക പെൺപ്രജയായ കുമാരി ബിൻസിക്ക് രാത്രി താമസിക്കാൻ ഏർപ്പാട് ചെയ്തിരുന്നത്  ശാന്തട്ടീച്ചറുടെ വീട്ടിലായിരുന്നു. പള്ളിക്കുന്നിൽ. ബിൻസിയുടെ ഹോസ്റ്റൽ പള്ളിക്കുന്നിൽ തന്നെയാണ്. പക്ഷേ ശാന്തട്ടീച്ചറുടെ വീടറിയാത്തതു കൊണ്ട്, ബിൻസിയെ അവിടെത്തിക്കാൻ കണ്ണൂരിന്റെ ചാർജുള്ള എന്നെയാണ്  കുമാരനും , ബിജുവും ഏല്പിച്ചിരുന്നത്. അഞ്ചരയോടെ ബിൻസി കോഴിക്കോട് നിന്നുമെത്തി. ഞാനും താമസിയാതെ കണ്ണൂരിലെത്തി. ടീച്ചറുടെ വീട്ടിലേക്കുള്ള വഴിയറിയാത്തതു കൊണ്ട്  ടീച്ചറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല!
പരിചയമില്ലാത്ത നമ്പറായതുകൊണ്ടായിരിക്കും എന്നു കരുതി കുമാരനെ കൊണ്ട് വിളിപ്പിച്ചു. ബിജുവും ശ്രമിച്ചു നോക്കി.
നോ രക്ഷ!
ടീച്ചർ പറ്റിച്ചോ? 
ഒരെത്തും പിടിയും കിട്ടാതെ കുഴങ്ങുമ്പോൾ പിടിവള്ളിയായി ഇബ്രാഹിം ബയാൻ വിളിച്ചു പറഞ്ഞു: ബിൻസിയെ കേപീയെസ്സിന്റെ വീട്ടിലാക്കിയിട്ട് വിധു വേഗം മാടായിപ്പാറയിലേക്ക് വരൂ
വേഗം തന്നെ ഒരു മാട്ടൂൽ ബസ്സിൽ കയറി പാപ്പിനിശ്ശേരിയിലേക്ക് വിട്ടു.  കണ്ണൂരിലെ ഗർഭിണികൾക്ക് എട്ടാം മാസത്തിൽ തന്നെ ഗർഭ മോചനം നൽകുന്ന രാജപാതയിലൂടെ ബസ്സ്, സിൽക്ക് സ്മിതയുടെ ഡാൻസ് പോലെ കുലുങ്ങിനീങ്ങി. ഒരു വിധത്തിൽ പാപ്പിനിശ്ശേരിയിലെത്തി. വീട്ടിലെത്തിയപ്പോൾ കേപീയെസ്സ്  വീട്ടിലില്ല. പുറത്തായിരുന്നു. കേപീയെസ്സ് വരുന്നത് വരെ പുറത്ത് കാത്തുനിന്നു. മഴയുണ്ട്. ലാപ്പും പിന്നെ അല്ലറ ചില്ലറ മറ്റു സാധനങ്ങളും, രാത്രി മാടായിപ്പാറയിലേക്ക് ചോറിനു കൂട്ടാൻ പച്ചടിയുമായിട്ടായിരുന്നു ബിൻസി വന്നിരുന്നത്. ആ അൺസൈസ് ശരീരത്തിന് താങ്ങാവുന്നതിലധികമുണ്ട്  ഭാരം. മുക്കാൽ ഭാഗം ഭാരവും എടുത്തത് ഞാനായിരുന്നു. 
കേപീയെസ്സ് വന്ന് ലൈറ്റിട്ട്  അകത്ത് കയറി. ഞാൻ മുറിയിൽ കയറിയതും കഷ്ടതരമായ ഒരു കാഴ്ചയാണാദ്യം കണ്ടത്.
അക്വേറിയത്തിൽ ഒരു വലിയ കാർപ് മത്സ്യം ചത്തിരിക്കുന്നു!
മറ്റുള്ളവ ഓക്സിജന്റെ കുറവ് മൂലം ജലോപരിതലത്തിലേക്ക് ചുണ്ട് ചേർത്ത് അന്തരീക്ഷ വായു ശ്വസിക്കാൻ പാടുപെടുന്നു. മത്സ്യം ചത്ത കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്. വേഗം തന്നെ എയർ പമ്പ് ഓൺ ചെയ്തു. അക്വേറിയം കീപ്പിങ്ങിൽ അര ഡോക്ടറായ എനിക്ക് പിന്നെ എന്തെങ്കിലുമൊക്കെ ചെയ്യാതെയും പഠിപ്പിക്കാതെയും ഒരു സമാധാനവും കിട്ടിയില്ല.
കേപീയെസ് , ഉടനെ തന്നെ ഈ വിഷയത്തിൽ ഒരു ബ്ലോഗ് തുടങ്ങണമെന്ന് എനിക്ക് നിർദ്ദേശം തന്നു. പിന്നെ എന്റെ പ്രാകൃത ബ്ലോഗിനെ ഒന്ന് കുട്ടപ്പനാക്കാൻ കേപീയെസ്സും കമ്പ്യൂട്ടർ എക്സ്പെർട്ടായ ബിൻസിയും കുറച്ച് നേരം ശ്രമിച്ചു. ഇപ്പം എന്നെക്കാൾ ഭംഗിയുണ്ട് ബ്ലോഗിന്!

അങ്ങനെ ഞാനവിടുന്ന് ഇറങ്ങുമ്പോൾ കനത്ത മഴയുണ്ട്. ഇന്ന് തന്നെ കണ്ണോത്തും ചാലിലെത്തിയില്ലെങ്കിൽ, രാവിലെ എട്ട് മണിക്ക്  മീറ്റ് ഹാളിലേക്ക് സാധനങ്ങൾ എത്തിക്കാനാവില്ല. 
ബസ് സ്റ്റോപ്പിലെത്തി . പക്ഷേ ഒറ്റ ബസ്സും നിർത്തുന്നില്ല. ബ്രിട്ടീഷുകാരന്റെ മനസ്സുള്ള ഡ്രൈവർ മാർ, ഇന്ത്യക്കാരനുണ്ടാക്കിയ പൊട്ടൻ പൊളി റോഡിലെ ചളിവെള്ളം അസാരം എന്റെ മേലേക്ക് തെറിപ്പിക്കുന്നുണ്ട്. പക്ഷേ ആരും ഒന്ന് നിർത്തിത്തരുന്നില്ല. ഞാനൊരു കറുത്ത വർഗ്ഗക്കാരൻ!!
ഓട്ടോ ഡ്രൈവർ മാർ , അവർ പ്ലെയിനാണോട്ടുന്നതെന്നാണെന്നു തോന്നിപ്പിക്കുന്നവിധം ഒരു മൈന്റുമില്ലാതെ പാഞ്ഞു പോകുന്നു.
ശാന്തട്ടീച്ചറോടുള്ള ദേഷ്യം എനിക്ക് ആവേശം പകർന്നു. 
വലിച്ചു നടന്നു. ഒൻപതര മുതൽ പതിനൊന്നര വരെ !
മഴവെള്ളം നിറഞ്ഞ റോട്ടുകുഴികളിലൂടെ !
റൂമിലെത്തിയപ്പോൾ അവിടെ ഒണക്ക് അവിൽ മാത്രമുണ്ട്. അവിലും കട്ടൻ ചായയും കഴിച്ച് നിറയാത്ത വയറിൽ ശാന്തട്ടീച്ചറോടുള്ള ദേഷ്യം നിറക്കാൻ ശ്രമിച്ച്  മലർന്നു കിടന്നു.
ഒരു വിധം ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ‘ഓളുടെ’ കോൾ വന്നത്.  അയൽ പക്കത്തെ കല്യാണവീട്ടിൽ പോയി മടങ്ങിവന്നപാടെ ഭർത്താവുറങ്ങിയോ എന്ന് അറിയാൻ വിളിച്ചതാണ് സ്നേഹമയിയായ ഭാര്യ! 
സമയം രാത്രി 12.35!! 
ഈ നാട്ടിൽ ഡൈവോഴ്സൊക്കെ വെറുതെയാണോ കൂടി വരുന്നത്?
എന്തായാലും അതൊക്കെ കഴിഞ്ഞ് നേരം  പുലർന്നു. കുമാരൻ വിളിച്ചുപറഞ്ഞു: തൊടുപുഴയിൽ നിന്നും നൌഷാദ് വരുന്നു. ഒന്ന് ഫ്രഷാകാൻ സൌകര്യം ചയ്തു കൊടുക്കണം.
അതൊരനുഗ്രഹമായി. രാവിലത്തെ സാധനക്കടത്തിൽ നൌഷാദിന്റെ സഹായവുമുണ്ടായി. പക്ഷേ ഒരൊറ്റ ഓട്ടോറിക്ഷയും നിറുത്തുന്നില്ല. വായു ഗുളിക വാങ്ങാനെന്ന പോലെ ഒരേ തരം പാച്ചിൽ! ഹോ! ഒരു വിധത്തിൽ നാൽ‌പ്പതാമത്തെ ഓട്ടോറിക്ഷാക്കാരന്റെ കനിവിൽ സാധനങ്ങളുമായി മീറ്റ് ഹാളിലെത്താനായി
ശാന്തട്ടീച്ചറോടുള്ള ദേഷ്യം കാരണം അവർ വരുമ്പോൾ കൈപിടിച്ച് സ്റ്റെപ് കയറ്റാൻ പോയില്ല. മിണ്ടാനും പോയില്ല. പിന്നീട് എല്ലാം കഴിഞ്ഞപ്പോഴാണറിഞ്ഞത്, ടീച്ചർ അറിയാതെ വീട്ടിലെ കുട്ടികൾ ഫോൺ സൈലന്റ് മോഡിലാക്കിയതും, ഫോൺ വിളിച്ചതൊന്നും അറിയാത്തതു കൊണ്ട് പറ്റിയ അപകടമാണെന്നും!
പിന്നെ ദേഷ്യമെല്ലാം അലിഞ്ഞു. ഞാൻ തന്നെയാണ്  ടീച്ചറെ ഓട്ടോയിൽ കയറാൻ സഹായിച്ചത്.
ഇന്നും പണികൾ ബാക്കിയുണ്ട്. ലൈബ്രറി കൌൺസിലിൽ നിന്നും കടം വാങ്ങിയ പ്രോജക്ടർ തിരിച്ചേൽ‌പ്പിക്കണം. അതെല്ലാം എന്റെ റൂമിലാണുള്ളത്. ഓഫീസിൽ നിന്നും ധൃതിയിൽ ഓടിപ്പാഞ്ഞെത്തി എന്നിൽ നിന്ന് അവ വാങ്ങി തിരിച്ചേൽ‌പ്പിക്കാൻ ബിൻസി ഒരു പാഴ് ശ്രമം നടത്തി നോക്കി. നടന്നില്ല. ഓട്ടോക്കാരൊന്നും നിർത്തുന്നില്ല. ബിൻസി സങ്കടത്തോടെ തിരിച്ച് പോയി. സർക്കാരിന്റെ ഒരു മണിക്കൂർ കടമെടുത്ത് ഞാനും, സുഹൃത്ത് മഹറൂഫും, ഒരു ബൈക്കിൽ സാധനങ്ങൾ ജീവൻ പണയം വച്ചിട്ടാണ് തിരിച്ചെത്തിച്ചത്! നമ്മുടെ റോഡിലൂടെ ബൈക്കിൽ പോകുന്ന കാര്യം വല്ലാത്തൊരു സാഹസം തന്നെയാണേ!
അങ്ങനെ എല്ലാം ശുഭമായി തീർന്നു. കണ്ണൂർ മീറ്റ് മോടി കുറഞ്ഞുവെന്നാരെങ്കിലും പറയാനാഗ്രഹിക്കുന്നുവെങ്കിൽ, അവർ നൽകുന്നത്, രണ്ട് ദിവസം മുഴുവനായും  ഉറക്കമിളച്ച്  മീറ്റിന് വേണ്ടി പ്രവർത്തിച്ച കുമാരനും, ബിജുവിനും, പിന്നെ, പിന്നിൽ നിന്ന് പ്രവർത്തിച്ച ബയാനും, ചിത്രകാരനും, എല്ലാം കനത്ത മനോവിഷമമായിരിക്കും.
പിന്നെ ഇനിയുമൊരു മീറ്റ് നടത്താനുള്ള സദുദ്ദേശത്തെ കെടുത്തുന്നതുമായിരിക്കുമത്!

ഇനി പോക്കറ്റിലേക്കൊരു നോട്ടമയക്കണം. ഓണം അലവൻസും, അഡ്വാൻസും, വീട്ടിൽ തന്നെയാണോ എത്തിയതെന്ന്  എന്ന് സ്വയമെങ്കിലും ബോധ്യപ്പെടണ്ടേ?
മേലെ പറഞ്ഞതെല്ലാം മറന്നു കൊണ്ട് മീറ്റ് ഗംഭീരമായെന്ന് സ്വയം സമാധാനിക്കുമ്പോൾ  നിങ്ങളോട്  ചോദിക്കാനുള്ളതിതാണ്:

 പറയൂ എങ്ങനെയുണ്ടായിരുന്നു കണ്ണൂർ മീറ്റ്?
മീറ്റുകൾ ഇനിയും വേണ്ടതല്ലേ? 
മീറ്റുകളുടെ ഔട്ട് പുട്ട്  മെച്ചപ്പെടുത്താൻ കൂടുതലായി എന്തൊക്കെ ചെയ്യണം?
                                       ****************************
അതെ! കൂടുതൽ മെച്ചപ്പെട്ട് മീറ്റുകൾ ഇനിയും പ്രതീക്ഷിക്കുക. അതിനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

44 comments:

  1. "കണ്ണൂര്‍ മീറ്റ് .തിരുശേഷിപ്പുകള്‍!"
    താങ്കള്‍ തിരു ആകാതെ എങ്കിലും ശേഷിച്ചതില്‍ എന്റെ ആത്മാര്‍ഥമായ സന്തോഷം രേഖപ്പെടുത്തുന്നു.

    ReplyDelete
  2. കണ്ണൂര്‍ മീറ്റ്‌ നന്നായെന്നു പലരുടെയും പോസ്റ്റ്‌ വായിച്ചതിലൂടെ അറിയാന്‍ കഴിഞ്ഞു..എല്ലാ സംഘാടകര്‍ക്കും അഭിനദ്ധങ്ങള്‍...പിന്നെ ബ്ലോഗ്‌ ഡിസൈന്‍ നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  3. സംഘാടകർക്ക് നന്ദി; ഞൻ ഒരു കൊച്ചു പോസ്റ്റ് ഇടുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പറയുന്നില്ല!

    ReplyDelete
  4. മീറ്റ്‌ ബഹുത് അച്ഛാ ഹുവാ ഹെ ഹി ഹൈ ഹോ
    ആഗയാ ബ്ലോഗേഴ്സ് കോയി പ്രശ്നം നഹി ഹുവാ ഹെ ഹി ഹൈ ഹോ
    പിന്നെ നഹി ആയാ കുറേ ബ്ലോഗേഴ്സ് അതാണ്‌ പ്രധാന പ്രശ്നം ഹുവാ ഹെ ഹി ഹൈ ഹോ
    മാടായി പാറ റോഡ്‌ ബഡാ പ്രശ്നം ഹുവാ ഹെ ഹി ഹൈ ഹോ
    വിശദമായി ഹം ഹമാരെ ബ്ലോഗില്‍ പോസ്റ്റാം ഹൈ ഹെ ഹി ഹൈ ഹോ
    അഭിനന്ദനങ്ങള്‍ ഹെ ഹി ഹൈ ഹോ

    ReplyDelete
  5. വിധു ഭായ് ..താങ്കളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും കണ്ണൂര്‍ മീറ്റിനു വന്നപ്പോഴാണ് ... എന്നെ അതിഥിയായി സ്വീകരിച്ച താങ്കള്‍ക്കും സംഘാടകര്‍ക്കും ഉള്ള നന്ദി കേവലം ഔപചാരിക വാക്കുകള്‍ക്കും അപ്പുറമാണ് ..ഒരു ബ്ലോഗ്ഗര്‍ക്ക് മറ്റൊരു ബ്ലോഗ്ഗരോട് യാതൊരു അപരിചിതത്വവും ഇല്ല എന്നത് ബ്ലോഗ്‌ മീറ്റുകളെ വേറിട്ട അനുഭവമാക്കുന്നു ...വീണ്ടും കാണാം ..:)

    ReplyDelete
  6. അണിയറ പ്രവർത്തകരുടെ അത്യദ്ധ്വാനത്തിന്റെ കഥ പറയുന്ന ഈ പോസ്റ്റ് കറ്റം മാത്രം കണ്ടെത്താൻ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ. എവിടെയെങ്കിലും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പോലും ഇത്തരം കൂട്ടായ്മകൾ തുടർന്നുപോകേണ്ടതാണെന്നാണഭിപ്രായം. പങ്കെടുക്കാൻ കഴിയാതിരുന്നതിൽ ഖേദം തോന്നുന്നു.

    ReplyDelete
  7. നിസ്സാരം എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ കാര്യമാക്കാതെ അതിന് ആ സമയത്ത്‌ ആളുണ്ടാകും എന്ന നിഷ്ക്കളങ്ക ചിന്ത ആര് ചെയ്യണം എന്ത് ചെയ്യണം എന്നതിന് ഒരു രൂപം കിട്ടാതെ ഒന്ന് തിരിയും. പറയത്തക്ക ഓരു പ്രശനം ഉണ്ടായി എന്നെനിക്ക് തോന്നിയില്ല. എത്താമെന്ന് പറഞ്ഞ പലരും എത്താതിരുന്ന ഒരു കുറവ് തോന്നിയെങ്കിലും എല്ലാവരെയും നന്നായി പരിചയപ്പെടാന്‍ കഴിഞ്ഞു എന്ന സന്തോഷം മുന്നിട്ടു നിന്നു. സംഘാടനത്തിലെ എല്ലാ പ്രയാസങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെ ആരെയും പേരെടുത്ത് പറയാതെ തന്നെ അഭിനന്ദിക്കുന്നു.

    ReplyDelete
  8. എല്ലാരേയും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം !!!!

    ഓണം ആയതിനാല്‍ ആയിരിക്കാം പ്രതീക്ഷിച്ചത്ര ആളുകള്‍ വരാഞ്ഞത് !!

    എന്തായാലും ആസ്വദിച്ചു .................

    ReplyDelete
  9. ഇത്തരം മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ
    ആശംസകള്‍

    ReplyDelete
  10. ഒരിക്കല്‍ ഒരിക്കല്‍ ഞാനും വരും കേട്ടാ ..എന്തേ ഭായീ

    ReplyDelete
  11. അപ്പോ ബ്ലോഗറെ കണ്ടാൽ ഓട്ടോക്കാരും നിർത്താതായോ ?
    അതോ ഇനി കണ്ണൂരിൽ എയർപോർട്ട് വന്നിട്ടേ നിർത്തുകൊള്ളായിരിക്കും.
    പിന്നെ ‘കെ പീസിന്റെ‘ പോസ്റ്റിൽ കയറി മീറ്റൊന്ന് കാണാമെന്നു കരുതി ചെന്നപ്പോൾ അവിടെ ടിക്കറ്റുമൂലം പ്രവേശനം നിരോധിച്ചിരിക്കുന്നു.
    ഇവിടെ വന്ന് ഇത്രയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

    ReplyDelete
  12. അഭിനന്ദനങ്ങൾ! സംഘാടകർക്കും, പങ്കെടുത്തവർക്കും..

    ReplyDelete
  13. വളരെ നല്ല ഒരു അനുഭവം ആയിരുന്നു....പ്രതീക്ഷിച്ച ആള്‍ക്കാര്‍ ഉണ്ടായില്ല .. സംഘാടകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു....ഇനിയും മീറ്റുകള്‍ കണ്ണൂരില്‍ ഉണ്ടാവട്ടെ. ആശംസകള്‍.

    ReplyDelete
  14. നല്ല പോസ്റ്റ്... നല്ല മീറ്റ്...
    സംഘാടകര്‍ക്ക് നന്ദി...
    ഒരു പോസ്റ്റ് ഞാനും ഇട്ടു...
    http://rkdrtirur.blogspot.com/2011/09/blog-post_11.html

    ReplyDelete
  15. മീറ്റ്‌ ചിത്രങ്ങള്‍ എവിടെ കിട്ടും???

    ReplyDelete
  16. എല്ലാരും മീറ്റിനെക്കുറിച്ച് പൊതുകാര്യങ്ങള്‍ പറഞ്ഞു. എങ്കിലും ആ അനുഭവം വിവരിച്ചത് ഞാന്‍ വ്യത്യസ്തമായ് കാണുന്നു..
    കണ്ണൂരിലെ 'എല്ലൂരി' റോഡിനെക്കുറിച്ച് സന്ദീപും പറഞ്ഞിരുന്നു.

    ReplyDelete
  17. http://rkdrtirur.blogspot.com/2011/09/blog-post_11.html

    http://mini-minilokam.blogspot.com/2011/09/blog-post.html

    പ്രിയപ്പെട്ട മല്ലൂ ഇതാ തൽക്കാലം ഇതു പിടി.അല്പം തിരക്കിലാ

    ReplyDelete
  18. Kannur cyber meet 2011
    ഇതാ ഇതും കൂടി

    ReplyDelete
  19. ttp://rkdrtirur.blogspot.com/2011/09/blog-post_11.html

    http://rejipvm.blogspot.com/2011/09/blog-post_12.html

    http://vidhuchoprascolumn.blogspot.com/2011/09/blog-post_12.html

    http://ponmalakkaran.blogspot.com/2011/09/blog-post.html

    http://viswamanavikamvayanasala.blogspot.com/2011/09/blog-post_13.html

    http://commentjar.blogspot.com/2011/09/blog-post.html

    ReplyDelete
  20. കാര്യമായതൊന്നു വിട്ടു പോയി.ഇതാ

    http://networkedblogs.com/n0ZTA

    ReplyDelete
  21. ചോപ്രാജീ, ഞാന്‍ ആദ്യം ഒന്ന് അന്തം വിട്ടു...ഈ ചോപ്രയ്ക്ക് ഇവിടെ എന്ത് കാര്യം എന്നോര്‍ത്ത്..സംസാരം തുടങ്ങിയതും ഹിന്ദിയില്‍..അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു..ഇത് ഒരു നടയ്ക്കു പോകുന്ന കേസല്ല എന്ന്...എന്തായാലും നിങ്ങളുടെ ഒക്കെ അധ്വാനം ഫലം കണ്ടു..നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിക്കുന്നു...നന്നായി ആസ്വദിച്ചു..

    ReplyDelete
  22. മീറ്റും ഈറ്റും നന്നായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങിനെതന്നെയാവട്ടെ അഭിനന്ദനങ്ങള്‍

    ReplyDelete
  23. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ ഒരു പാട് നന്ദി. ഇനിയും ഇത്തരം മീറ്റ്‌ കള്‍ ഉണ്ടാവട്ടെ

    ReplyDelete
  24. ഇനി ഏതായാലും ഇടയ്ക്കിടെ നമുക്ക് മീറ്റ് നടത്താം, ധൈര്യമായില്ലെ?

    ReplyDelete
  25. മീറ്റിന്‍റെ വിശേഷങ്ങള്‍ ഒക്കെ ബ്ലോഗ് പോസ്റ്റുകളിലൂടെ വായിച്ചറിയാനെ പറ്റിയുള്ളു , മീറ്റിന്‍റെ സഘാടകര്‍ക്കും , മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ചവര്‍ക്കും , അഭിനന്ദനങ്ങള്‍ , അടുത്ത ബ്ലോഗ് മീറ്റിനെങ്കിലും എനിക്കും പങ്കെടുക്കാനും , നിങ്ങളെ ഒക്കെ നേരില്‍ കാണാനും പറ്റും എന്ന് പ്രതീക്ഷിക്കുന്നു ,

    ReplyDelete
  26. ആദ്യം തന്നെ ഒരു നന്ദി പറയാനുണ്ട്. സംഘാടകര്‍ക്കോ, ബ്ലോഗര്‍ക്കോ ഒന്ന്വല്ല. ഈ ബ്ലോഗിനെ ഈ പരുവത്തിലാക്കിയെടുത്തവര്‍ക്ക്. ഇപ്പൊ കാണാനൊരു മെനയൊക്ക്യായീണ്ട്. ഇനിയാ ഫോണ്ടിന്‍‌റെ നീല മാറ്റി കറുപ്പാക്കിയാല്‍ കൊള്ളാരുന്നു. അത്രേം മതി

    പിന്നെ മീറ്റും ഈറ്റും മറ്റു കാര്യങ്ങളൊക്കെ പല ബ്ലോഗിലായി കണ്ടുകൊണ്ടിരിക്യാണേയ്. മീറ്റുകള്‍ നടക്കട്ടെ, നല്ലത് മാത്രം സംഭവിക്കട്ടെ. ആശംസകള്‍ ചോപ്രാജി.
    അപ്പൊ കണ്ടാലൊരു ലുക്കില്ലാന്നേ ള്ളൂ, ഹിന്ദ്യോക്കെ ശരിക്കും അറിയാലേ ;)

    ReplyDelete
  27. ചോപ്രാ ഭായ്.. നേരില്‍ കണ്ടതില്‍ സന്തോഷം..

    ReplyDelete
  28. ഞാന്‍ വന്നൂ,ഇനി മുതല്‍ ഇവിടെ ഒക്കെ കാണും :)

    ReplyDelete
  29. "കണ്ണൂരിലെ ഗർഭിണികൾക്ക് എട്ടാം മാസത്തിൽ തന്നെ ഗർഭ മോചനം നൽകുന്ന രാജപാതയിലൂടെ........."കലക്കി...!!!!. ബ്ലോഗു മീറ്റില്‍ പങ്കെടുക്കാന്‍ കണ്ണൂരെത്തിയതിന്റെ മേലുവേതന ഇപ്പോഴും മാറിയിട്ടില്ല.......... ആശംസകള്‍....

    ReplyDelete
  30. മൂന്നു പേരാലായാലും മുന്നൂറു പേരായാലും മീറ്റ് മീറ്റ് തന്നെ.ഇരുളടഞ്ഞ റോഡിലൂടെ കുഴി ഒഴിവാക്കി തുള്ളി തുള്ളി കാറില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോഴും വഴി തെറ്റി അലയുമ്പോഴും സംഘാടകരെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ഈറ ഉണ്ടായിരുന്നെങ്കിലും റെസ്റ്റ് ഹൌസില്‍ ചെന്ന് കയറിയപ്പോള്‍ എല്ലാ അരിശവും പോയി ഒളിച്ചു.പിന്നെ കൂട്ടത്തിലൊരാളായി മീറ്റ് തലേദിവസം പരിപാടി കൊഴുപ്പിച്ചു. ദേ! ഇതു മീറ്റ് തലേ ദിവസത്തെ പറ്റിയാണ്.http://sheriffkottarakara.blogspot.com/2011/09/blog-post_13.html

    ReplyDelete
  31. എല്ലാവർക്കും പെരുത്ത് നന്ദികൾ.മീറ്റുകൾ ഇനിയും നടക്കും.ഒരൽ‌പ്പം മനസാക്ഷിയും ശ്രദ്ധയും,ഔചിത്യ ബോധവും ഒക്കെ,നാം പ്രതീക്ഷിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന കാലത്ത്, തെറ്റില്ലാത്ത ആസൂത്രണവും,സാമ്പത്തികഭദ്രതയുമായി ഒരു പക്ഷേ നമ്മൾ തന്നെ മീറ്റ് നടത്തിയേക്കാം.തൽക്കാലം ഇപ്പോഴത്തെ വീഴ്ചകളിൽ നിന്നൊന്നു കരകയറട്ടെ! അപ്പോഴേക്കും റോഡിലെ കുഴികളും മൂടുമായിരിക്കും എന്ന് പ്രതീക്ഷിക്കുക തന്നെ.
    എല്ലാവർക്കും നമസ്ക്കാരം

    ReplyDelete
  32. ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്കും, ഈ പോസ്റ്റിട്ടതിന് ഡോക്ടർക്കും അഭിനന്ദനങ്ങൾ!!

    ReplyDelete
  33. ഇനിയും മീറ്റ് വയ്ക്കുന്നതൊക്കെ കൊള്ളാം.. അതു ‘കണ്ണൂരു‘വേണോ.. എന്ന് ഒന്നോടെ ചിന്തിക്ക്..! അല്ലെങ്കില്‍ റോഡ് ഒക്കെ നാന്നായിട്ടുമതി..!(മിക്കവാറും നടക്കും.!)
    എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു..!

    ReplyDelete
  34. മീറ്റിനും പോസ്റ്റിനും ആശംസകൾ!

    ReplyDelete
  35. സംഘാടനത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ രസകരമായി അവതരിപ്പിച്ചത്‌ നന്നായി.
    കണ്ണൂറ്‍ മീറ്റാണോ ഈ പോസ്റ്റാണോ കൂടുതല്‍ നന്നായത്‌?
    മീറ്റില്‍ പങ്കെടുത്തവര്‍ പറയട്ടെ.

    ReplyDelete
  36. എല്ലാരേം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

    ReplyDelete
  37. മാഷെ ,,മീറ്റിനെ കുറ്റം പറഞ്ഞവര്‍ ഒന്നും ഇത് പോലെ അതിനു വേണ്ടി കഷ്ടപെട്ടവരെ കാണില്ല...

    ReplyDelete
  38. ഈ തിരുശേഷിപ്പായ തിരുവചനങ്ങൾ ശരിക്കും ഉൾക്കൊള്ളുന്നുണ്ട് കേട്ടൊ ഹിന്ദിക്കാര
    പിന്നെ ഈ സൈബർ മീറ്റിന്റെആകെയുണ്ടായിരുന്ന ഒരു ഡ്രോബാക്ക്സ് മീറ്റിന് വരാൻ കണ്ണൂരിൽ റോഡ്കൾ ഉണ്ടായിരുന്നില്ല എന്നതാണ് ..!

    ReplyDelete
  39. കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ്‌ ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...

    ReplyDelete
  40. സത്യം പറയാലോ,,,ഈ വിധു ഞാന്‍ കരുതിയത് പെണ്ണാണെന്നായിരുന്നു.എന്റെ കമന്റ് ബോക്സില്‍ പ്രൊഫൈല്‍ ഫോട്ടൊ അനുവദിക്കാത്തതിനാല്‍ നേരില്‍ കാണുന്നത് വരെ തിരിച്ചറിഞ്ഞില്ല.
    ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete